“മണ്ണെണ്ണ വായിൽ നിറച്ച്, ലൈറ്റർ ഉപയോഗിച്ച് തീനാളങ്ങൾ സൃഷ്ടിക്കാൻ കുട്ടി ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.”

വായിൽ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റർ കത്തിച്ച് അതിലേക്ക് തുപ്പി തീനാളങ്ങൾ സൃഷ്ടിക്കാനായിരുന്നു കുട്ടിയുടെ ശ്രമം

സോഷ്യൽ മീഡിയയിൽ വൈറലാകണമെന്ന ആവേശം ഒരു കൗമാരക്കാരനെ ഗുരുതര അപകടത്തിലേക്ക് തള്ളിവിട്ടു. ഇൻസ്റ്റഗ്രാം റീലിനായി ചെയ്ത അപകടകരമായ ഫയർ സ്‌റ്റണ്ട് വിഡിയോ സമൂഹമാധ്യമമായ എക്സിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വായിൽ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റർ കത്തിച്ച് അതിലേക്ക് തുപ്പി തീനാളങ്ങൾ സൃഷ്ടിക്കാനായിരുന്നു കുട്ടിയുടെ ശ്രമം. എന്നാൽ മണ്ണെണ്ണ പുറത്തേക്ക് തെറിച്ചതോടെ തീ പടർന്ന് കുട്ടിയുടെ മുഖത്തേക്കും ശരീരത്തിലേക്കും പടരുകയായിരുന്നു. സാരമായി പൊള്ളലേറ്റ് നിലവിളിച്ചോടുന്ന കുട്ടിയെ വിഡിയോയിൽ കാണാം. സമീപത്തുണ്ടായിരുന്നവർ ഉടൻ ഇടപെട്ട് തീ അണച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

റീലുണ്ടാക്കൽ എന്ന പേരിൽ നടക്കുന്ന അപകടകരമായ പ്രവണതകൾ ലോകമെമ്പാടും വർധിക്കുകയാണ്. ആദ്യകാലങ്ങളിൽ ട്രെയിനുകൾക്കുമുന്നിലും തിരക്കേറിയ റോഡുകളിലും പാലങ്ങളിലുമായിരുന്നു ഇത്തരം വിഡിയോകൾ. ഇപ്പോൾ അതിലും അപകടകരമായ രീതികളിലേക്കാണ് പ്രവണത മാറുന്നത്. കുട്ടികൾ പോലും ഇതിന്റെ പിടിയിലാകുന്നതാണ് ഏറ്റവും വലിയ ആശങ്ക.

‘ഇത് ഒരു കണ്ടന്റല്ല, അത്യന്തം അസംബന്ധമാണ്. ഒരു നിമിഷത്തെ വൈറലിറ്റിക്ക് ജീവിതകാലം മുഴുവൻ വില കൊടുക്കേണ്ടിവരും’ — വിഡിയോയ്‌ക്കൊപ്പം വന്ന കുറിപ്പിൽ പറയുന്നു. തീ കുട്ടിയുടെ മുഖത്താണ് പിടിച്ചത്; അതിന്റെ മുറിവുകൾ ദിവസങ്ങളിലോ മാസങ്ങളിലോ മാറിപ്പോകുമോ എന്ന ചോദ്യവും കുറിപ്പിൽ ഉയരുന്നുണ്ട്.

ഈ സംഭവം ഒറ്റപ്പെട്ടതല്ല. സെപ്റ്റംബറിൽ ഒഡീഷയിൽ ഫയർ സ്‌റ്റണ്ട് അനുകരിച്ച 14-കാരി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു. ഓഗസ്റ്റിൽ യുഎസിൽ 12-കാരൻ വായിൽ മദ്യം നിറച്ച് തീയിലേക്ക് തുപ്പാൻ ശ്രമിച്ച് അപകടത്തിൽപ്പെട്ടു. ഓടുന്ന വാഹനങ്ങളിൽ ചാടിക്കയറൽ, അപകടസാധ്യതയേറിയ സ്ഥലങ്ങളിൽ റീൽസ് എടുക്കൽ തുടങ്ങിയവ കൗമാരക്കാർക്കിടയിൽ വ്യാപകമാകുകയാണ്.

സ്കൂളുകളിലൂടെയും വിവിധ സംവിധാനങ്ങളിലൂടെയും ബോധവൽക്കരണം നൽകിയിട്ടുണ്ടെങ്കിലും, അതിന്റെ ഫലം കാണാൻ ഇനിയും സമയം വേണ്ടിവരുമെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *