വിമർശനങ്ങൾക്കിടയിൽ മെലോണി: “ഞാൻ മാലാഖയല്ല”

റോമിലെ ഒരു പുരാതന ക്രിസ്ത്യൻ ദേവാലയത്തിലെ മാലാഖയുടെ ചിത്രവുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായൊരു വിവാദം ഉയർന്നിരിക്കുകയാണ്. പള്ളിയിലെ ഒരു പെയിന്റിംഗിൽ കാണുന്ന മാലാഖയുടെ മുഖം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടേതിനോട് അതീവ സാമ്യമുള്ളതാണെന്ന ആരോപണമാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് തുടക്കമിട്ടത്. ചെറിയൊരു കാര്യമെന്നു തോന്നുമെങ്കിലും, സംഭവം രാജ്യത്ത് രാഷ്ട്രീയ ചർച്ചയായി മാറി.

ഈ വിഷയത്തോട് മെലോണി പ്രതികരിച്ചത് തമാശരീതിയിലായിരുന്നു. ‘എന്തായാലും ഞാൻ ഒരു മാലാഖയല്ല’ എന്ന കുറിപ്പോടൊപ്പം ചിരിക്കുന്ന ഇമോജിയും ചേർത്ത്, വിവാദചിത്രം അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

റോമിലെ ലൂസിനയിലെ സെന്റ് ലോറൻസ് ബസിലിക്കയിൽ സ്ഥിതിചെയ്യുന്ന പെയിന്റിംഗാണ് വിവാദകേന്ദ്രം. അടുത്തിടെ നടന്ന നവീകരണ പ്രവർത്തനങ്ങൾക്കുശേഷം മാലാഖയുടെ മുഖഭാവം മാറി, അത് മെലോണിയെ ഓർമിപ്പിക്കുന്ന തരത്തിലായെന്നാണ് ആരോപണം. ഇറ്റലിയുടെ ഭൂപടം കൈവശം നിൽക്കുന്ന മാലാഖയുടെ മുഖത്തിൽ വന്ന മാറ്റം യാദൃശ്ചികമല്ലെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. എന്നാൽ ചിത്രകാരൻ ബ്രൂണോ വാലന്റൈനെറ്റി ഈ ആരോപണങ്ങളെ പൂർണമായി നിഷേധിച്ചിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോം രൂപതയും ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയവും അന്വേഷണം ആരംഭിച്ചു. നവീകരണത്തിന് മുമ്പ് മാലാഖയുടെ മുഖം എങ്ങനെയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം. ഇതിനിടെ, ചിലർ ഈ പള്ളിയെ പരിഹാസരീതിയിൽ ‘മെലോണി ചാപ്പൽ’ എന്നും വിളിക്കാൻ തുടങ്ങി. ഇടവക വികാരി റവ. ഡാനിയേൽ മൈക്കലെറ്റി മുഖത്തിലെ സാമ്യം അംഗീകരിച്ചെങ്കിലും, അതിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി.

പല കലാകാരന്മാരും അവരുടെ സൃഷ്ടികളിൽ യഥാർത്ഥ വ്യക്തികളുമായി സാമ്യമുള്ള മുഖങ്ങൾ ഉപയോഗിക്കാറുണ്ടെന്നും, അത് അസാധാരണമായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോമിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നായ സെന്റ് ലോറൻസ് ബസിലിക്ക, ഈ വിവാദത്തിന് ശേഷം വലിയ ജനശ്രദ്ധ നേടുകയാണ്. മെലോണിയെ ഓർമിപ്പിക്കുന്ന മാലാഖയുടെ ചിത്രം പകർത്താൻ നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്. ഇതോടെ, ചില അവസരങ്ങളിൽ കുർബാനകൾക്ക് പോലും തടസ്സം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *